സൂക്ഷ്മത - ചരിത്രത്തിലൂടെ ....

അത്വാഅസ്സുലമി(റ) തങ്ങൾ കൊട്ടകൾ നെയ്തു വിറ്റായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്‌. വളരെ ശ്രദ്ധയോടെയും പണിപ്പെട്ടുമായിരുന്നു അവിടുന്ന് ഇപ്രാവശ്യം ഒരു കൊട്ട ഉണ്ടാക്കിയത്‌. ദിവസങ്ങളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം. യാതൊരു വിധ ന്യൂനതയും തന്നാൽ കണ്ടെത്താൻ കഴിയാത്ത വിധം സൂക്ഷ്മമായായിരുന്നു ആ കൊട്ട അദ്ദേഹം നെയ്തത്‌. പതിവുപോലെ കൊട്ട വിൽക്കാനായി മാർക്കറ്റിലേക്ക്‌ പോകുമ്പോൾ ഇതിനു നല്ല വില ലഭിക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ദിവസങ്ങളായുള്ള പരിശ്രമത്തിൽ ഉടവുകളോ ന്യൂനതയോ ഒന്നുമില്ലാത്ത മുതലിനു നല്ല വില ലഭിക്കുമെന്നത്‌ സ്വാഭാവിക പ്രതീക്ഷയാണല്ലോ. പക്ഷേ, വാങ്ങാൻ വന്ന ആൾ കൊട്ടയെടുത്ത്‌ വിലപറഞ്ഞപ്പോൾ അത്വാഅ് തങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ വില മാത്രമാണയാൾ അതിനു കണ്ടത്‌. വില കുറയാൻ കാരണമായ എന്തൊക്കെ ന്യൂനതകളാണു താൻ അതിൽ കാണുന്നതെന്നയാൾ വിവരിച്ചപ്പോ അത്വാഅ്(റ) തങ്ങളുടെ കണ്ണിൽ നിന്നും മിഴിനീർ തുള്ളികൾ ഉറ്റിയിറ്റി വീണ്‌ അദ്ദേഹം വിതുമ്പിക്കരയുന്നത്‌ അയാൾ കണ്ടു. "കച്ചവടമാകുമ്പോൾ ലാഭനഷ്ടങ്ങൾ പതിവാണല്ലോ, അതിനു നിങ്ങളെന്തിനാണു കരയുന്നത്‌" എന്ന് ചുറ്റുമുള്ളവർ ചോദിച്ചപ്പോ അദ്ദേഹം പറഞ്ഞത്‌ "കൊട്ടയുടെ വില കുറഞ്ഞതിന്റെ പേരിലല്ല ഞാൻ കരയുന്നത്‌, മറിച്ച്‌ ഒരുപാട്‌ നാളത്തെ അധ്വാനം കൊണ്ട്‌ ഞാനുണ്ടാക്കിയ കൊട്ടയിൽ എന്റെ കണ്ണു കൊണ്ട്‌ ഒരു ന്യൂനതയും കണ്ടെത്താൻ എനിക്ക്‌ കഴിയാത്ത കൊട്ടയിൽ, എന്നെപ്പോലെ തന്നെ കാഴ്ച്ച നൽകപ്പെട്ട നിങ്ങൾക്ക്‌ ഇത്രയേറെ കുറവുകളും കുറ്റങ്ങളും കണ്ടെത്താൻ കഴിഞ്ഞെങ്കിൽ.." കണ്ണുനീരും വേവലാതിയും നിറഞ്ഞ മനസ്സോടെ ഗദ്‌ ഗദ സ്വരത്തിൽ അവിടുന്ന് തുടർന്നു. "എല്ലാ വിധ തെറ്റുകളും കുറവുകളും പരിഹരിച്ച്‌ എന്നാൽ ഒരു തെറ്റും കണ്ടെത്താൻ കഴിയാത്ത വിധം ഞാൻ ചെയ്യുന്ന ഇബാദാത്തുകളൊക്കെ ഇലാഹായ നാഥന്റെ കോടതിയിൽ അവന്റെ ശരിയായ നോട്ടത്തിൽ എത്രയെത്ര ന്യൂനതകൾ കണ്ടെത്താൻ അവനു കഴിയും ! എന്റെ അതേ കാഴ്ച്ചയുള്ള നിങ്ങൾക്ക്‌ ഞാൻ കാണാത്ത കുറവുകൾ എന്റെ നിർമ്മിതിയിൽ കണ്ടെത്താൻ കഴിഞ്ഞുവെങ്കിൽ, മനസ്സിനുള്ളിലെ ചിന്തകൾ പോലുമറിയുന്ന രാജാധിരാജന്റെ കോടതിയിൽ എന്റെ അമലുകൾ ഒന്നിനും കൊള്ളാതെ എന്റെ മുഖത്തേക്ക്‌ തന്നെ വലിച്ചെറിയപ്പെടുമോ ! അവിടെ ഞാൻ എല്ലാം നഷ്ടപ്പെട്ട ദരിദ്രനായിപ്പോകുമോ എന്ന് ഓർത്താണ്‌ ഞാൻ കരയുന്നത്‌!!!" സദാസമയവും നരകത്തെയോർത്ത്‌ ഭയന്നു ഭയന്ന് കണ്ണുനീരൊഴുക്കി ജീവിച്ചിരുന്ന, സാഹിദീങ്ങളുടെ ലോകത്തെ തിളങ്ങുന്ന താരകമായ അത്വാഅ് (റ) തങ്ങൾ നരകത്തെ തൊട്ടുള്ള കാവലല്ലാതെ മറ്റൊന്നും, സ്വർഗ്ഗീയ പ്രവേശം പോലും പ്രാർത്ഥിച്ചിരുന്നില്ലത്രേ ! "നരകപ്രവേശത്തെ തൊട്ടുള്ള പേടി മാറിയിട്ടു വേണ്ടേ മറ്റു വല്ലതും ആഗ്രഹിക്കാൻ.." എന്നായിരുന്നുവത്രേ അദ്ദേഹം പറയാറുള്ളത്‌..! എന്നിട്ടും തന്റെ കർമ്മങ്ങൾ ദൈവിക സമക്ഷത്തിൽ സ്വീകരിക്കപ്പെടുമോയെന്ന വേവലാതി അവിടുത്തെ വിടാതെ പിന്തുടർന്നിരുന്നുവത്രേ..! ഹാ എന്തൊരു തഖ്‌വാ, എന്തൊരു ഇഖ്‌ലാസ്‌.. ദുനിയാവിന്റെ ചപലതകളാൽ ചുറ്റപ്പെട്ട, എട്ടുകാലി വലയേക്കാൾ ദുർബലമായ, ളാഹിറായിത്തന്നെ സ്വീകാര്യ യോഗ്യമാണെന്ന് ധരിക്കാൻ പോലും വകയില്ലാത്ത, ആന്തരികമായി യാതൊന്നുമില്ലാത്ത, മന:സാന്നിദ്ധ്യം ലവലേശമില്ലാത്ത അമലുകളുമായി ഇലാഹീ സന്നിധിയിലേക്ക്‌ പോകേണ്ട നാം അവിടെ വിചാരണക്കൊടുക്കം കാലിയായ കരങ്ങളുമായി വിലപിക്കേണ്ടി വരുമോയെന്നൊരു ചിന്ത നമ്മെ പിടികൂടുന്നേയില്ലല്ലോ... നരകമെന്ന ഭവനത്തെ പറ്റിയുള്ള ചിന്ത നമ്മുടെ മനസ്സുകളിൽ പ്രയാസമുണ്ടാക്കുന്നില്ലെങ്കിൽ പിന്നെ... "മീക്കാഈൽ എന്ന മലക്ക്‌ തീരേ ചിരിക്കുന്നത്‌ കണ്ടിട്ടില്ലല്ലോ, എന്താണതിനു കാരണം?" എന്ന് ആദരവായ നബിതങ്ങൾ(സ്വ) ചോദിച്ചപ്പോൾ: "നരകത്തെ സൃഷ്ടിച്ചതു മുതലാണ്‌ മീക്കാഈൽ ചിരിക്കാതായത്‌" എന്നത്രേ ജിബ്‌രീൽ മറുപടി പറഞ്ഞത്‌..! എങ്ങനെ ചിരിക്കും?, അവിടെ കത്തിക്കപ്പെടാനുള്ള വിറകുകളുടെ കൂട്ടത്തിൽ ഞാൻ പെടില്ലെന്ന ഉറപ്പ്‌ രാജസന്നിധിയിൽ നിന്ന് ലഭിക്കാത്ത കാലത്തോളം എങ്ങനെ നമുക്ക്‌ രക്ഷയെ പറ്റി ചിന്തിക്കാനൊക്കും..?

Comments

Popular posts from this blog

മയ്യത്ത് നിസ്കാരം

ഖുർആൻ അനുഗ്രഹങ്ങളുടെ കലവറ

നിസ്കാരം